Thursday, May 8, 2008

വെറുതേയല്ല

പുതിയൊരു പോസ്റ്റിട്ടത് അഗ്രഗേറ്ററുകള്‍ കാണിച്ചില്ല. ഇവിടെയാണ്.

Wednesday, May 7, 2008

വെറുതേയല്ല

അടിച്ചാലും തൊഴിച്ചാലും
അലറിയാലും
നിങ്ങളുടെ മുന്നില്‍‌
‍വാലാട്ടിക്കൊണ്ടു തന്നെ നില്‍ക്കുന്നതും
കാലു നക്കുന്നതും
നിങ്ങളുടെ വീടിനു ഉറങ്ങാതെ കാവല്‍ നില്‍ക്കുന്നതും
നന്ദിയോ സ്‌നേഹമോ ഉള്ളതു കൊണ്ടല്ല.
തിന്നുന്ന ചോറിനോടുള്ള കൂറുമല്ല.
എന്നാല്‍ വെറുതേയുമല്ല.

"എന്നെ തച്ചുകൊന്നാലും
ഒരു പട്ടിയും ചോദിക്കാന്‍ വരില്ല"
എന്ന തിരിച്ചറിവുള്ളതു കൊണ്ടാണ്‌.

Thursday, March 6, 2008

തടസ്സം

ഉയിര്‍‌‍ത്തെഴുന്നേല്‍പ്പ്‌ വായിച്ച്‌

തോമസിന്റെ കണ്ണു നനഞ്ഞിട്ടുണ്ട്‌.

എങ്കിലും അടുത്ത ദിവസം തന്നെ

സ്‌റ്റോര്‍ മുറിയിലെ പാതിയിരുട്ടില്‍ വച്ച്‌

വേലക്കാരിയെ കയറിപ്പിടിച്ചിട്ടുണ്ട്‌.

പകുതി ബലവും പകുതി പ്രലോഭനവും

പ്രയോഗിച്ചുള്ള ഭോഗത്തിനു ശേഷം

വസ്ത്രമുടുത്തു പുറത്തു വന്നപ്പോള്‍‌

‍കോണിപ്പടിയുടെ ചുവട്ടില്‍‌

‍ടോള്‍സ്റ്റോയിയുടെ പ്രേതത്തെ കണ്ടേക്കുമോ

എന്നു ഭയന്നിട്ടുണ്ട്‌.

പക്ഷേ പിറ്റേന്നു കാലത്തു തന്നെ

മുന്നിലെ ചാരുകസേരയില്‍ കിടന്ന്

"പുസ്തകം വേറെ, ജീവിതം വേറെ."

എന്നാശ്വസിച്ചിട്ടുണ്ട്‌.

അടുത്ത നിമിഷം തന്നെ

"ആശ്വാസം ഒരു പരിഹാരമല്ലല്ലോ."

എന്ന് അസ്വസ്ഥനായിട്ടുണ്ട്‌.

"അസ്വസ്ഥത കൊണ്ടെന്തു കാര്യം!"

എന്നു വേദനിച്ചിട്ടുണ്ട്‌.

"വേദന വെറും....."

എന്നു നിരാശപ്പെടാന്‍ തുടങ്ങിയപ്പോഴേക്കും

പണിക്കാരിപ്പെണ്ണ് വന്നു നൂറു രൂപ കടം ചോദിച്ചു കളഞ്ഞു.

ആകാംക്ഷയോടെ കണ്ടു കൊണ്ടിരുന്ന കളിക്കിടയില്‍

അവിചാരിതമായി വന്ന കൊമേഴ്‌സ്യല്‍ ബ്രേക്ക്‌.

ആത്മപീഡനം തടസ്സപ്പെട്ടതിന്റെ ഈര്‍ഷ്യ

അമ്പതു രൂപ മാത്രം കൊടുത്ത്‌ പരിഹരിച്ചു.

...........................

(വിഷ്ണുവിന്റെ വറുഗീസ് പുണ്യാളന്‍ വായിച്ച ഓര്‍‌മ്മ ഈ കവിതയില്‍ എന്തോ ചെയ്തിട്ടുണ്ട്.)

Sunday, January 20, 2008

ഗുസ്തി

ഭൂതകാലം
ബധിരനായ ഒരു ഗുസ്തിക്കാരനാണ്‌.

"നിന്നോട്‌ പൊരുതാന്‍ ഞാനില്ല."
എന്ന വാചകം ചെവിക്കൊള്ളാതെ
നമുക്കു ചുറ്റും
അദൃശ്യമായ ഒരു ഗോദ തീര്‍ത്ത്‌
നമ്മളോട്‌ മല്ലടിയ്ക്കും.
"നോക്കൂ,നിന്റെ വിജയം കാണാന്‍കാണികളില്ല."
എന്നു പറഞ്ഞാലും രക്ഷയില്ല.
പൊരുതുക, അല്ലെങ്കില്‍ കീഴടങ്ങുക
എന്ന രണ്ടു വഴികളേയുള്ളു നമുക്ക്‌,
എപ്പോഴും.

പക്ഷേ,
"അടിയറവ്‌!" എന്നുരുവിട്ടാലും
അടുത്ത നിമിഷത്തിലോ
അടുത്ത മണിക്കൂറിലോ
അടുത്ത ദിവസമോ
വീണ്ടും ഗുസ്തിയ്ക്ക്‌ വരും.

മരിച്ചാലും രക്ഷയില്ല.
നമ്മളെ
മറ്റുള്ളവര്‍ക്കെതിരേ പ്രയോഗിക്കാനുള്ള
അടവുകളായി പുനഃസൃഷ്ടിക്കുന്ന വിദ്യയറിയാം
ഈ നശിച്ച ഗുസ്തിക്കാരന്‌.

Thursday, January 17, 2008

ഗിറ്റാര്‍

ഉദ്ധൃതമായ ലിംഗം
കേവലാസക്തിയുടെ വൈദ്യുതത്തൂണല്ല.
സ്വയം തന്ത്രികള്‍ മുറുക്കി
പ്രവര്‍ത്തനസജ്ജമാകുന്ന
പ്രാചീനനായ ഒരു ഗിറ്റാര്‍.
ചിട്ടപ്പെടുത്താനാവാത്ത സംഗീതം പ്രവഹിക്കുന്നത്‌.
വൈദഗ്ദ്യം കുറഞ്ഞ വിരലുകള്‍
അതിന്റെ മോഹനനാദത്തെ
പുറത്തു കൊണ്ട്‌ വരികയില്ല.

ആദ്യത്തെ ഇണചേരല്‍
ഈ ഗിറ്റാറില്‍ നിന്ന്
ഗിറ്റാറിനെ എടുത്തുമാറ്റുന്നു.
സ്വപ്നദേശങ്ങളിലെ നാദവിസ്മയങ്ങളില്‍ നിന്ന്
പരിചിതരാഗങ്ങളിലേക്ക്‌
അതിന്റെ ലോകത്തെ ചുരുക്കുന്നു.

എങ്കിലും
ഓരോ രതിയിലും
നഷ്ടപ്പെട്ട സംഗീതത്തിനായി തിരയും,
ചില പുരുഷശരീരങ്ങള്‍.
ഒടുവില്‍ നിരാശയോടെ തിരിഞ്ഞു കിടക്കും.
വീണ്ടുമൊരു തിരച്ചിലിന്‌ സന്നദ്ധമാകും വരെ.

Friday, November 9, 2007

ആസക്തി

എല്ലാ ജനനങ്ങള്‍ക്കും മേലെ
ആശങ്കയുടെ ഒരു നിഴലാട്ടം കണ്ടേക്കാം.
എങ്കിലും
കൈക്കുഞ്ഞിന്റെ മുഖത്തേക്ക്‌
ആദ്യമായി നോക്കുമ്പോള്‍
നമ്മുടെ കണ്ണുകളില്‍
‍വെളിച്ചം നിറയുക തന്നെ ചെയ്യും.

എല്ലാ പ്രണയങ്ങളിലും
ചാപല്യത്തിന്റെ അരുചി കലര്‍ന്നേക്കാം.
എങ്കിലും
കാമുകിയുടെ ശിരസ്സ്‌
നെഞ്ചിനെ തൊടുമ്പോള്‍
ആത്മനിന്ദ നമ്മെ ശല്യം ചെയ്യുന്നില്ല.

ഏതു മരണത്തിലും
ഒരു ദുര്‍ഗന്ധം
ഒളിഞ്ഞിരിക്കുന്നുണ്ടാകാം.
എങ്കിലും
മരിച്ചുകിടക്കുന്ന സുഹൃത്തിനെ
വേദനയോടെ പുണരുമ്പോള്‍‌
‍ശ്വാസത്തിന്‌ വിലങ്ങിടാന്‍
നമ്മള്‍ മറന്നുപോകുന്നു.

ചിലപ്പോഴെങ്കിലും
ജീവിതത്തോടുള്ള ആസക്തി
ജീവിതത്തെ തന്നെ
അതിജീവിക്കുന്നുണ്ടാകണം.

Saturday, September 29, 2007

നര

ആത്മാഭിമാനം കൂടുതലുള്ള മുടികളാകണം
അകാലത്തില്‍ നരയ്ക്കുന്നത്‌.

മുളച്ച കാലം തൊട്ടേ
അവ അറിയുന്നുണ്ടാവണം
തങ്ങള്‍ വളരുന്ന തലയ്ക്കുള്ളില്‍
നുരയുന്ന ദുരകള്‍,
രൂപം കൊള്ളുന്ന ചതികള്‍,
വ്യാജസ്തുതികള്‍,
മനഃപൂര്‍വമുള്ള മറവി,
വറ്റിപ്പോയ ഉറവകള്‍...
ഒക്കെയും.

അതു കൊണ്ടാവണം
കാലവും നേരവുമെത്തിയുള്ള
കൊഴിയലിനു പകരം
കഴുകന്‍ കണ്ണുള്ളൊരു
കത്രികയുടെ രൂപത്തിലോ
സൂക്ഷ്മതയുള്ള വിരലുകളുടെ രൂപത്തിലോ
വരുന്ന വധശിക്ഷയാണ്‌ ഭേദമെന്നു
അവ ഉറപ്പിക്കുന്നത്‌.

ഹെയര്‍ ഡൈ വാഗ്ദാനം ചെയ്യുന്ന ആള്‍മാറാട്ടം
അവയുടെ സ്വപ്നത്തില്‍ പോലുമുണ്ടാവില്ല.